06:50am 01 May 2026
NEWS
മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസ് ഓഫീസറോട് മാപ്പുപറയണമെന്ന് നാട്ടുകാരും സോഷ്യൽ മീഡിയയും
01/05/2025  11:21 AM IST
വിഷ്ണുമംഗലം കുമാർ
മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസ് ഓഫീസറോട് മാപ്പുപറയണമെന്ന് നാട്ടുകാരും സോഷ്യൽ മീഡിയയും

കർണാടക : പൊതുചടങ്ങിൽ വെച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോലീസ് ഓഫീസറെ സഭ്യമല്ലാത്ത ഭാഷയിൽ ശകാരിച്ചതും അടിക്കാൻ കയ്യോങ്ങിയതും ഉയർത്തിവിട്ട പ്രതിഷേധം അടങ്ങിയിട്ടില്ല. മുഖ്യമന്ത്രി നിരുപാധികം മാപ്പു പറയണമെന്നാണ് പോലീസ് ഓഫീസറുടെ നാട്ടുകാരും സോഷ്യൽ മീഡിയയും ഒരുപോലെ ആവശ്യപ്പെടുന്നത്. കേന്ദ്രനയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ബെളഗാവിയിൽ കോൺഗ്രസ്സ് സംഘടിപ്പിച്ച പൊതുയോഗത്തിൽ ബിജെപി അനുകൂലികളായ സ്ത്രീപ്രവർത്തകർ കയറിക്കൂടി മുഖ്യമന്ത്രിയ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് ബഹളം വെച്ചിരുന്നു. പ്രസംഗം തടസ്സപ്പെട്ടതിൽ കോപിതനായ സിദ്ധരാമയ്യ വേദിയ്ക്ക് സമീപമുണ്ടായിരുന്ന പോലീസ് ഓഫീസറെ അടുത്തേക്ക് വിളിച്ച് തട്ടിക്കേറുകയായിരുന്നു. ധാർവാഡ അഡീഷണൽ എസ്പി നാരായൺ ബാരമണിയാണ് സിദ്ധരാമയ്യയുടെ അരിശത്തിന് പാത്രമായത്. സേവനമനുഷ്ടിച്ച പദവികളിലെല്ലാം മികവ് തെളിയിച്ച മുതിർന്ന ഓഫീസറാണ് ബാരമണി. അന്നത്തെ ദിവസം അദ്ദേഹത്തിന് സ്റ്റേജിന്റെ ചുമതലയേ ഉണ്ടായിരുന്നുള്ളു. പ്രശ്നമുണ്ടായത് സദസ്സിലാണ്. പക്ഷെ പഴി കേട്ടതും നാണക്കേടിലായതും ബാരമണിയാണ്. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ബെളഗാവി ജില്ലയിലെ റന്ന ബെളഗളി ഗ്രാമമാണ് ബാരമണിയുടെ സ്വദേശം. നാട്ടുകാർക്ക് സ്നേഹവും ബഹുമാനവുമുള്ള പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ബാരമണിയോട് മുഖ്യമന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മുദോൾ- നിപ്പാനി ദേശീയപാത ഉപരോധിച്ചു.  ചെരിപ്പുമാലയണിഞ്ഞ സിദ്ധരാമയ്യയുടെ ചിത്രവുമായായിരുന്നു പ്രതിഷേധം. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ മുഖ്യമന്ത്രി കാരണവരുടെ സ്വാതന്ത്ര്യമെടുത്ത് ശാസിച്ചതാണെന്നും അത് വിവാദമാക്കേണ്ടതില്ലെന്നും കൃഷിമന്ത്രി ചെലുവരായസ്വാമി പറഞ്ഞു. എന്നാൽ പ്രശ്നം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img